Friday 15 November 2013

ആരാധകര്‍ പൊട്ടിക്കരഞ്ഞു, പലരും ഗാലറി വിട്ടു പോയി

മുംബൈ: ആര്‍ത്തിരമ്പുകയായിരുന്ന വാങ്കഡെ സ്റ്റേഡിയം ഒരു നിമിഷം സ്തംഭിച്ചു. പലരും പൊട്ടിക്കരയുന്നുണ്ടായിരുന്നു. സംഭവിച്ചതെന്താണെന്ന് അറിയാമെങ്കിലും, വിശ്വസിക്കാനാകാതെ സ്തംഭിച്ചു നില്‍ക്കുകയായിരുന്നു ഗാലറിയിലെ ജനസാഗരം. നരെയ്‌ന്റെ പന്തില്‍ അപ്പര്‍ കട്ടിന് ശ്രമിച്ച്, ക്രിക്കറ്റ് ഇതിഹാസത്തിന്റെ അവസാന ഇന്നിംഗ്‌സ് സമിയുടെ കൈയില്‍ അവസാനിച്ചു (രണ്ടാം ഇന്നിങ്‌സില്‍ സച്ചിന്‍ ബാറ്റു ചെയ്തില്ലെങ്കില്‍) എന്ന സത്യം അവര്‍ മനസിലാക്കി. ദുഃഖം തളംകെട്ടി നിന്നപ്പോഴും, 24 വര്‍ഷം ഒരു രാജ്യത്തെ മുഴുവന്‍ തന്നിലേക്ക് ചുരുക്കിയ ആ മനുഷ്യന് കൈയടികളോടെ അവര്‍ യാത്രഅയപ്പ് നല്‍കി. തുടര്‍ന്ന് നിരാശയടക്കാനാകാതെ പലരും ഗാലറി വിട്ടുപോകുന്ന കാഴ്ച്ചയും കാണാമായിരുന്നു.
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ സച്ചിന്റെ 101ാം സെഞ്ച്വറി കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ക്രിക്കറ്റ് ആരാധകര്‍. എങ്കിലും ബൗളര്‍മാരെ അനായാസം നേരിട്ട് 12 ബൗണ്ടറികളുടെ അകമ്പടിയോടെ 118 പന്തില്‍ 74 റണ്‍സ് സച്ചിന്‍ നേടിയ ആശ്വാസത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ ആ വീരപുരുഷനെ എഴുന്നേറ്റ് നിന്ന് കൈയടിച്ചു.ഇന്നലെ 38 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിന്‍ ഇന്നു കളി തുടങ്ങിയപ്പോള്‍ തന്നെ മികച്ച ഫോമിലായിരുന്നു. ബാറ്റിംഗ് ഇതിഹാസം വലിയ സകോര്‍ നേടുമെന്ന പ്രതീക്ഷിലായിരുന്നു ലോകമെമ്പാടുമുള്ള ആരാധകര്‍. ആരാധകരുടെ പ്രതീക്ഷക്കൊത്ത് മികച്ച സ്‌ട്രോക്ക്‌പ്ലേയിലൂടെ രണ്ടാം ദിവസവും സച്ചിന്‍ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. മനോഹരമായ സ്‌ട്രെയ്റ്റ് ഡ്രൈവുകളും കവര്‍ ഡ്രൈവുകളും ആ ഇന്നിംഗ്‌സിന് ചാരുത കൂട്ടി. നേരത്തേ, സച്ചിന്റെ അര്‍ദ്ധശതകം ഗ്യാലറികളെ ആവേശത്തേരിലേറ്റിയിരുന്നു.

0 comments:

Post a Comment